തൃശൂരില്‍ ഗുണ്ടാസംഘം വ്യാപാരിയെ ആക്രമിച്ചു; 4 പേര്‍ക്കെതിരെ കേസ്

beat

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ നാലംഗ സംഘം വ്യാപാരിയെ ആക്രമിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.മൂന്നുപീടിക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മിമിക് ലോട്ടറി സ്ഥാപനത്തിന്റെ ഉടമ ചക്കരപ്പാടം സ്വദേശി ലിജോയിയെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്.

ലിജോയ് രാവിലെ ഒരു സുഹൃത്തിനൊപ്പം തന്റെ കടയില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. സുഹൃത്തിനെ തേടിയെത്തിയ സംഘം ലിജോയിയെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തല്ലുന്നത് തടഞ്ഞതാണ് പ്രകോപനം. ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റ ലിജോയിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയേറ്റ് തലക്കും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പ്രകടനം നടത്തി.

ബൈക്കിലെത്തിയ പെരിഞ്ഞനം സ്വദേശികളായ നാല് പേരാണ് ആക്രമണം നടത്തിയത്. ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top