വിവാദ പരാമര്‍ശം; ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

farooque college

രാമനാട്ടുകര: ഫാറൂഖ് കോളജില്‍ ‘വത്തക്കാ’ പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പൊലീസാണ് കേസെടുത്തത്. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്.

വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 28 വരെയാണ് അധ്യാപകനായ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. അവധിയില്‍ പ്രവേശിക്കണമെന്ന് കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൗഹര്‍ അവധിയില്‍ പ്രവേശിച്ചതെന്നാണു സൂചന. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെടുത്തതെന്ന് അധ്യാപകന്റെ കുടുംബം അറിയിച്ചു.

പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. വിവാദത്തെ തുടര്‍ന്ന് മുനവിര്‍ ഒളിവിലാണ്. കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇയാള്‍ മാറി നില്‍ക്കുന്നതെന്നാണ് വിവരം.

Top