മമത ബാനര്‍ജിക്കെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ പരാതി

കൊല്‍ക്കത്ത: കോവിഡ് ബാധിച്ചാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചു. സില്‍ഗുരി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയായ അനുപം ഹസ്ര 2019-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ‘എപ്പോഴെങ്കിലും എനിക്ക് കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ ഞാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത് പോയി അവരെ കെട്ടിപ്പിടിക്കും. രോഗം ബാധിച്ചവരുടേയും കോവിഡ് കാരണം പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോള്‍ അവര്‍ മനസ്സിലാക്കും’ എന്നാണ്അനുപം ഹസ്ര ഞായറാഴ്ച പറഞ്ഞത്.

ബിജെപി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം. രാഹുല്‍ സിന്‍ഹയെന്ന ദീര്‍ഘകാല ബിജെപി നേതാവിനെ മാറ്റിയായിരുന്നു അനുപം ഹസ്രയ്ക്ക് പദവി നല്‍കിയത്. ഹസ്രയുടെ പരാമര്‍ശത്തില്‍ ബിജെപി നേതാക്കളും അകലം പാലിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധ കാണിക്കണമെന്ന് ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്ത മുകുള്‍ റോയ് പ്രതികരിച്ചു.

Top