ബിനോയ് കോടിയേരിക്കെതിരായ കേസ്‌ ;മുംബൈ പൊലീസ് കണ്ണൂരില്‍

മുംബൈ:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. എസ്പി മറ്റൊരു പരിപാടിയില്‍ ആയതിനാല്‍ വിശദ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.

പരാതിയില്‍ മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടങ്ങി. ഓഷിവാര പൊലീസ് സ്റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുന്നത്. അതേസമയം കേസില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്‌സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.

Top