‘സര്‍ക്കാരി’ന്റെ പോസ്റ്ററില്‍ പുകവലി ചിത്രം; നടന്‍ വിജയ്‌ക്കെതിരേ തൃശൂരില്‍ കേസ്

തൃശൂര്‍: ‘സര്‍ക്കാര്‍’ സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന പോസ്റ്റര്‍ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്, സിനിമയുടെ നിര്‍മാതാവ്, വിതരണക്കാര്‍, പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ എന്നിവര്‍ക്കെതിരായാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.

സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഇത് ആരാധകര്‍ക്കും പുകവലി പ്രചോദനമാവുമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ജില്ലാ ആരോഗ്യവകുപ്പിനും ലഭിച്ചതിനെതുടര്‍ന്ന് ഡിഎംഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തിയറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് കേസെടുത്തത്.

2003ലെ കേന്ദ്രനിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കാന്‍ പാടില്ല. സിനിമയില്‍ ഇത്തരം ഭാഗം നിയന്ത്രണത്തിനു വിധേയമായി കാണിക്കാം. രണ്ടുവര്‍ഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

Top