പണം വാങ്ങി കബളിപ്പിച്ച കേസ് ; റിസബാവയ്‌ക്കെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു

കൊച്ചി: പണം വാങ്ങി കബളിപ്പിച്ച കേസില്‍ നടന്‍ റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഉത്തരവ് കോടതി പിന്‍വലിച്ചു. റിസബാവ നേരിട്ട് കോടതിയില്‍ ഹാജരായതിനെത്തുടര്‍ന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ ആക്ട്) വാറണ്ട് തിരിച്ചുവിളിച്ചത്.

2014ല്‍ എളമക്കര സ്വദേശി സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരനായ സാദ്ദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നത്രേ. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

പലതവണ തുക ആവശ്യപ്പെട്ട് റിസബാവയെ സമീപിച്ചെങ്കിലും കുറച്ചു സാവകാശം ചോദിക്കുകയാണുണ്ടായത്. അവസാനം 2015 ജനുവരിയില്‍ സാദിഖിന് ഒരു ചെക്ക് നല്‍കിയിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞതോടെ സാദ്ദിഖ് ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും അത് മടങ്ങി. ഇതോടെയാണ് സാദ്ദിഖ് കേസ് നല്‍കിയത്. കേസ് ഈമാസം 26 ന് വീണ്ടും വാദം കേള്‍ക്കും.

Top