ദിലീപിനെതിരായ നീക്കം ‘പൊളിക്കാൻ’ മുകൾ റോത്തഗിയും രംഗത്തിറങ്ങും !

ടി ആക്രമിക്കപ്പെട്ട കേസിലെ കൊടും കുറ്റവാളി പള്‍സര്‍ സുനിയുടെ അമ്മയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം അമ്പരിപ്പിക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിയുടെ അമ്മയോടെന്ന പോലെയുള്ള കരുതലിലും പരിഗണനയിലുമാണ് മാധ്യമങ്ങള്‍ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേനക സുരേഷ് എന്ന മലയാളത്തിലെ പ്രമുഖയായ മുന്‍കാല നടിയെ സമാനമായ രീതിയില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ക്രിമിനലാണ് പള്‍സര്‍ സുനി.

മാനഹാനി ഭയന്ന് ഇത്തരം സംഭവങ്ങള്‍ തുറന്ന് പറയാത്തവരും ഉണ്ടാകാം. മേനക സുരേഷിന്റെ ഭര്‍ത്താവായ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലില്‍ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു കേസും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ മേനക സുരേഷിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ ഇതുവരെയും ഗൂഢാലോചന ആരോപിക്കപ്പെട്ടിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോള്‍ അതില്‍ ഗൂഢാലോചനയും പ്രതിപ്പട്ടികയില്‍ നടന്‍ ദിലീപും വരികയാണ് ഉണ്ടായത്. ഏറെ സംശയം ഉയര്‍ത്തുന്ന നടപടിയാണിത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ മറിച്ചായാല്‍ ആ പാപ ഭാരത്തില്‍ നിന്നും കരകയറാന്‍ കേരള പൊലീസിനു അത്രപ്പെട്ടന്ന് കഴിയുകയുമില്ല.

ജയിലില്‍ നിന്നും പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയതായി പറയുന്ന കത്തും ബാലചന്ദ്രന്റെ വര്‍ഷങ്ങള്‍ വൈകിയുള്ള വെളിപ്പെടുത്തലും പൊലീസിന്റെ തുടരന്വേഷണവും ക്രൈംബ്രാഞ്ച് റെയ്ഡുമെല്ലാം എന്തെങ്കിലും ‘ അജണ്ട’ യുടെ പുറത്താണെങ്കില്‍ അതിന് വലിയ വില തന്നെ കേരള പൊലീസ് നല്‍കേണ്ടി വരും.

വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിചാരണ പൂര്‍ത്തിയാക്കി ജഡ്ജി വിധി പറയുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ദിലീപിന്റെ സുഹൃത്തായ ബാലചന്ദ്രന് വെളിപാട് ഉണ്ടായിരിക്കുന്നത്. അതും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കുന്നതിന് തൊട്ട് മുന്‍പാണ് എന്നതും നാം ഓര്‍ക്കണം. ദിലീപിന്റെ അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും തല്‍ക്കാലം ഒളിച്ചോടാന്‍ വിചാരണ നീട്ടേണ്ടതും തുടരന്വേഷണം നടക്കേണ്ടതും ബൈജു പൗലോസിനും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി.സന്ധ്യക്കും ആവശ്യമായത് കൊണ്ടാണ് ഈ ‘കളി’ യെങ്കില്‍ അത് ബഹുമാനപ്പെട്ട കോടതിയും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

രഹസ്യമൊഴിയില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തിയ ശേഷം രഹസ്യമൊഴി നല്‍കുന്നതിലും ഉണ്ട് പൊരുത്തക്കേടുകള്‍ … യഥാര്‍ത്ഥത്തില്‍ വിചാരണ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് ആര്‍ക്കു വേണ്ടിയാണ് എന്നതും പിന്നില്‍ നിന്നു കളിക്കുന്നത് ആരാണ് എന്നതും ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ആധികാരികമായി എന്ന് തോന്നുന്ന രൂപത്തിലാണ് പല പ്രതികരണങ്ങളും ഇപ്പോള്‍ വന്നിരിക്കുന്നത്. ‘പൊലീസ് വി.ഐ.പിയെ അടുത്ത ദിവസം പിടിക്കും’ എന്ന് ചാനല്‍ ചര്‍ച്ചയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത് ഒരു മുന്‍ സംവിധായകനാണ്. ഈ വിവരം ഇയാള്‍ക്ക് ആരാണ് നല്‍കിയത് എന്നതും പ്രബുദ്ധ കേരളത്തിന് അറിയേണ്ടതുണ്ട്.

അന്വേഷണ സംഘവും ആരോപണം ഉന്നയിക്കുന്നവരും തമ്മില്‍ ഒരു ‘പരസ്പര ധാരണ’ ഉണ്ടായിട്ടുണ്ട് എന്ന സംശയം ബലപ്പെടുത്തുന്ന പല ആരോപണങ്ങളും ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുന്ന കേസില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ബഹുമാനപ്പെട്ട കോടതി ഏര്‍പ്പെടുത്തിയിട്ടും അതു മാനിക്കാതെ ചര്‍ച്ചകളും പ്രതികരണങ്ങളും നടത്തിയവര്‍ യഥാര്‍ത്ഥത്തില്‍ കോര്‍ട്ടലക്ഷ്യ നടപടിയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ദിലീപിനെതിരായ പ്രതികരണങ്ങള്‍ക്ക് മിക്കതിനും ഒരു സംഘടിതരൂപമാണ് ഉള്ളത്. ഇതും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

ബാലചന്ദ്രന്റെ വെളിപ്പെടുത്തലിനെ ഗൗരവമായി കാണുന്ന പൊലീസിനും നിലവില്‍ വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. മുന്‍പ് നടന്ന പോലീസ് അന്വേഷണത്തിന്റെ വീഴ്ചയാണിത്. സ്വന്തം വീട്ടില്‍ ദിലീപോ വീട്ടിലെ മറ്റു അംഗങ്ങളോ പറയുന്ന കാര്യങ്ങള്‍ സുഹൃത്തായി തന്നെ കൂടെ നിന്ന് റെക്കോര്‍ഡ് ചെയ്യുന്ന മനസ്സിന്റെ ഉടമയുടെ മനസ്സിലിരിപ്പും നല്ലതല്ല. ബാലചന്ദ്രന്‍ പറയുന്നത് പോലെ ഒപ്പം നിര്‍ത്തി ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം വര്‍ഷങ്ങളോളം മറച്ചു വച്ചതിന് ബാലചന്ദ്രനാണ് യഥാര്‍ത്ഥത്തില്‍ ഒന്നാം പ്രതിയാകേണ്ടത്. ഇക്കാര്യത്തില്‍ ദിലീപിന് പറയാനുള്ളത് കോടതിയില്‍ എത്തുമ്പോഴേ ചിത്രം വ്യക്തമാകുകയൊള്ളു. ബാലചന്ദ്രന്റെ പ്രകോപനത്തിന് കാരണം എന്ത് എന്നത് സംബന്ധിച്ച് വ്യക്തമായ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് ദിലീപിന്റെ അഭിഭാഷകരും വ്യക്തമാക്കിയിരിക്കുന്നത്. ബാലചന്ദ്രന്‍ എന്തൊക്കെ വെളിപ്പെടുത്തല്‍ നടത്തിയാലും അതിനെ പ്രതിരോധിക്കാനുള്ള തെളിവ് ദിലീപിന്റെ കൈവശമുണ്ടെന്നതാണ് ലഭിക്കുന്ന സൂചന. ഇത് എന്താണ് എന്നതാണ് രാഷ്ട്രീയ കേരളവും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

ബാലചന്ദ്രന്‍ പറയുന്നതു പോലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്ന ഒരു നീക്കവും ദിലീപിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരം ഒരു പരാതി ബാലചന്ദ്രന്‍ ആരോപിക്കുന്നതു വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും ഉണ്ടായിരുന്നില്ല. തുടരന്വേഷണത്തിന് കളമൊരുങ്ങേണ്ടത് അന്വേഷണ സംഘത്തിനാണ് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത്. കാരണം പുറത്തു വന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ദിലീപിനെ ശിക്ഷിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഇതുവരെ വിചാരണ കോടതിയില്‍ ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്.

ഗൂഢാലോചന കേസില്‍ പ്രതിയെ ശിക്ഷിക്കണമെങ്കില്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. അത് കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിനു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെയാണ് ദിലീപിന്റെ കുറ്റമായി മാറുക? ദിലീപിനെ ‘കുരുക്കാന്‍’ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുക. അതും ഓര്‍ത്തു കൊള്ളണം. ബാലചന്ദ്രന്‍ പറഞ്ഞ ‘ഇക്ക’ എന്നു വിളിക്കുന്ന വി.ഐ.പി ഇപ്പോള്‍ ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിവസങ്ങളോളം ഒരു എം.എല്‍.എയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഈ ‘തിരുത്തല്‍’ മലയാളിയുടെ സാമാന്യ ബോധത്തെ പോലും പരിഹസിക്കുന്ന നിലപാടാണിത്.

‘ഇക്ക’ എങ്ങനെ ശരത് ആയത് എന്നതും വി.ഐ.പി ആയതും എന്നതല്ല ബാലചന്ദ്രന്‍ ആരോപിച്ചതു പോലെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു എന്നതാണ് നാടിനു അറിയേണ്ടത്. ചുമ്മാ ആരോപണം ഉന്നയിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനു വ്യക്തമായ തെളിവു വേണം. നശിപ്പിക്കപ്പെട്ടു എന്നു അന്വേഷണ സംഘം വിലയിരുത്തിയ കേസിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആരുടെ എങ്കിലും കൈവശം ഉണ്ടെങ്കില്‍ അത് അപകടകരമാണ്. ഈ ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതി ഇടപെട്ട് വാങ്ങി വയ്ക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും പ്രസക്തമാകുന്നത്.

പറയുന്നതെല്ലാം ശരിയാണെങ്കില്‍ ബാലചന്ദ്രനും പള്‍സര്‍ സുനിയും അദ്ദേഹത്തിന്റെ അമ്മയും ഉള്‍പ്പെടെ നുണ പരിശോധനക്ക് തയ്യാറാകുകയാണ് വേണ്ടത്. അതല്ലങ്കില്‍ അന്വേഷണ സംഘത്തിലെ ചിലരുടെയും സിനിമാ മേഖലയിലെ ദിലീപിന്റെ ശത്രുക്കളുടെയും, കൊടുത്ത വാർത്ത തെറ്റാണെന്നു വന്നാൽ വിശ്വാസ്യത തകരുമെന്നും, നിയമ നടപടി നേരിടേണ്ടി വരുമെന്നും ഭയക്കുന്നവരുടെയും, ‘പൊറാട്ടു നാടക’മായി മാത്രമേ ഇപ്പോഴത്തെ വിവാദങ്ങളെയും കാണാന്‍ സാധിക്കുകയൊള്ളൂ. നുണ പരിശോധനക്ക് അന്വേഷണ സംഘമാണ് മുന്‍കൈ എടുക്കേണ്ടത്. കേരള പൊലീസിനെതിരെ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ വച്ചാണ് നുണ പരിശോധന നടത്തേണ്ടത്. എങ്കില്‍ മാത്രമേ സംശയത്തിന് അതീതമായ റിപ്പോര്‍ട്ട് ലഭിക്കുകയൊള്ളൂ.

സാക്ഷികളുടെ കൂറുമാറ്റം ആരോപിക്കുന്നവര്‍ പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും നിലപാട് വ്യക്തമാക്കണം. പൊലീസ് അറിയാതെ ഒരു കോളും തടവുകാര്‍ക്ക് നിയമ പ്രകാരം പുറത്തേക്ക് വിളിക്കാന്‍ കഴിയുകയില്ലന്നിരിക്കെ പള്‍സര്‍ സുനി സുഹൃത്തിനോട് സംസാരിക്കുന്നത് പുറത്ത് വിട്ടതിനു പിന്നിലും ഗൂഢാലോചന സംശയിക്കേണ്ടതുണ്ട്. ഇതുവരെ പറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ഇവരെയെല്ലാം പ്രേരിപ്പിച്ച ഘടകം എന്താണ് ? അതും പൊലീസ് അന്വേഷിക്കേണ്ടതല്ലേ ?’വേലി തന്നെ വിളവു തിന്നാലും ” വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യം പുറത്തു വരിക തന്നെ ചെയ്യും. നമ്പി നാരായണന് നീതി ലഭിച്ചതും അന്വേഷണ സംഘത്തിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതും കള്ളക്കേസുകള്‍ ചമക്കുന്നവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. മുകള്‍ റോത്തഗിയെ പോലുള്ള രാജ്യത്തെ ഏറ്റവും ശക്തനായ അഭിഭാഷകനാണ് ദിലീപിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ പോകുന്നത്. നേരായ വഴിക്കല്ല അന്വേഷണ സംഘം പോകുന്നതെങ്കില്‍ ഭയക്കുക തന്നെ വേണം.

വിചാരണ കോടതി കുറ്റക്കാരനല്ലന്നു കണ്ടു വെറുതെ വിട്ടാല്‍ ദിലീപ് നിയമ നടപടി സ്വീകരിക്കുമെന്നത് മുന്‍ കൂട്ടി കണ്ട് ഏതെങ്കിലും കാക്കിധാരികള്‍ ‘അവിവേകം’ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. കാരണം നമ്പി നാരായണനല്ല ദിലീപ് … അദ്ദേഹം കുറ്റവിമുക്തനായാല്‍ കൂടുതല്‍ കര്‍ക്കശമായ നിയമ നടപടിയിലേക്കാണ് നീങ്ങുക. ആ ഘട്ടത്തില്‍ കേരള പൊലീസിന് ഒരു ‘റോളും’ ഉണ്ടാകുകയുമില്ല. സി.ബി.ഐയാണ് എല്ലാം തീരുമാനിക്കുക.

ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം. അത് നടി ആക്രമിക്കപ്പെട്ട കേസിലും പാലിക്കപ്പെടുക തന്നെ വേണം.

EXPRESS KERALA VIEW

Top