ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം: 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

കോഴിക്കോട്: എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ പുലർച്ചെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

Top