പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസ്. ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുമായി ആംആദ്മി ആസ്ഥാനത്ത് കണ്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

”മോദി ഹഠാവോ, ദേശ് ബച്ചാവോ അഥവാ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ”. രണ്ട് ദിവസം മുന്‍പ് ദില്ലിയില്‍ വ്യാപകമായി പ്രത്യക്ഷപ്പട്ട പോസ്റ്ററാണിത്. മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ പോസ്റ്ററില്‍ വ്യക്തമാക്കുന്നില്ല. പിന്നാലെ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു. ദീനദയാല്‍ ഉപാധ്യായ റോഡിലെ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി ഒരു വാന്‍ പിടിച്ചെടുത്തു. വാഹന ഉടമ പോസ്റ്റര്‍ ആംആംദ്മി പാര്‍ട്ടി ഓഫീസില്‍ ഏല്‍പിക്കാന്‍ പറഞ്ഞുവെന്നാണ് അറസ്റ്റിലായ ഡ്രൈവറുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരുടെയും, കേസില്‍ പെട്ടവരുടെയും വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രിന്റിംഗ് ആക്ട് പ്രകാരവും, മൂന്ന് മാസം വരെ തടവ് കിട്ടാവുന്ന ഡീഫെയ്സ്മെന്റ് ഓഫ് പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാകുനന പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുന്‍ മന്ത്രിമാരായ സത്യേന്ദ്രജയിന്‍, മനീഷ് സിസോദിയ എന്നിവരെ ജയിലിലടച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് ആംആദ്മി പാര്‍ട്ടിക്ക് കടുത്ത പ്രതിഷേധമുണ്ട്. അദാനി വിവാദത്തില്‍ മറ്റ് കക്ഷികളും പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നു. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ എന്താണ് തെറ്റെന്നും, മോദി പുറത്താക്കപ്പെടേണ്ടയാള്‍ തന്നെയാണെന്നുമാണ് പോസ്റ്റര്‍ വിവാദത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം.

Top