ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം; കാര്‍ട്ടോസാറ്റ് 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് വിക്ഷേപിക്കും

ബംഗളുരു: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം പുതിയ ദൗത്യവുമായി ഐഎസ്ആര്‍ഒ. നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി സി 47 ആണ് വിക്ഷേപണ വാഹനം. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം രാവിലെ 9.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക.

കാര്‍ട്ടോസാറ്റിന് പുറമേ 13 നാനോ സാറ്റലൈറ്റുകളും ഇന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഇസ്രൊ ബഹിരാകാശത്തെത്തിക്കും. വിക്ഷേപണം കഴിഞ്ഞ് 26 മിനുട്ടും അമ്പത് സെക്കന്‍ഡും പൂര്‍ത്തിയാകുമ്പോഴേക്ക് പതിനാല് ഉപഗ്രങ്ങളും ഭ്രമണപഥത്തിലെത്തും എന്നാണ് ഇസ്രൊ നല്‍കുന്ന സൂചന. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 7:28ന് തന്നെ ആരംഭിച്ചിരുന്നു.

ഭൂമിയില്‍ നിന്ന് 509 കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുക. ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ ശേഷിയുള്ള കാര്‍ട്ടോസാറ്റ് 3 കാലാവസ്ഥ പഠനത്തിനും, ഭൂ മാപ്പിംഗിനും ഉപയോഗപ്പെടും. പ്രതിരോധ ആവശ്യങ്ങള്‍ക്കും കാര്‍ട്ടോസാറ്റ് മൂന്നില്‍ നിന്നുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ ഗുണകരമാകും. കാര്‍ട്ടോസാറ്റിന് പുറമേ അമേരിക്കയില്‍ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എല്‍വി സി 47 ഭ്രമണപഥത്തിലെത്തിക്കും.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗം വഴി എത്തുന്ന ആദ്യ വിക്ഷേപണ കരാറാണ് ഈ ഉപഗ്രങ്ങളുടേത്. ഭൂ നിരീക്ഷണത്തിനുള്ള 12 ഫ്‌ലോക്ക് 4 പി നാനോ സാറ്റലൈറ്റുകളും മെഷ്‌ബെഡ് എന്ന ആശയവിനിമയ പരീക്ഷണത്തിനുള്ള നാനോ സാറ്റലൈറ്റുമാണ് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എത്ര രൂപയ്ക്കാണ് അമേരിക്കന്‍ കമ്പനികളുമായി വിക്ഷേപണ കരാറിലേര്‍പ്പെട്ടതെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന് മുമ്പ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷനായിരുന്നു ഇസ്രോയ്ക്ക് വേണ്ടി വാണിജ്യ വിക്ഷേപണ കരാറുകള്‍ ഏറ്റെടുത്തിരുന്നത്.

Top