കാര്‍ട്ടൂണ്‍ വിവാദം; സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍

ak balan

തിരുവനന്തപുരം:വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍.സര്‍ക്കാരിനെ ഒരുവിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു

ലളിതകലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റ് പലര്‍ക്കുമുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരുവിധ അസഹിഷ്ണുതയുമില്ല. ലളിതകലാ അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമല്ല സര്‍ക്കാര്‍. ലളിതാകലാ അക്കാദമി ഇക്കാര്യത്തിലെടുക്കുന്ന തുടര്‍നടപടികള്‍ സര്‍ക്കാര്‍ പിന്നീട് പരിശോധിക്കും.-അദ്ദേഹം പറഞ്ഞു.

മത ചിഹ്നത്തെ അവഹേളിക്കുന്നു എന്ന് സര്‍ക്കാരല്ല പറഞ്ഞത്. കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെട്ട ചിഹ്നം ഏത് വിഭാഗത്തിനെതിരെയാണോ അവരാണ് പറഞ്ഞത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് പുനപരിശോധിക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ. സുഭാഷ് വരച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കഥാപാത്രമാകുന്ന ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണാണ് അവാര്‍ഡിനര്‍ഹമായത്. ഇതില്‍ ക്രൈസ്തവ ചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കാട്ടി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി.) അടക്കമുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടാതെ മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ കാര്‍ട്ടൂണ്‍ പുന പരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളിയിരുന്നു.

Top