ജമ്മു കശ്മീരിൽ കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞു; 5 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 5 മരണം. ബദർവാ റോഡിലാണ് രണ്ട് വാഹനാപകടങ്ങളും ഉണ്ടായത്. ആദ്യ സംഭവത്തിൽ റോഡിൽ നിന്ന് തെന്നിയ കാർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ആ‌ൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലുപേർ മരിച്ചു. ശൈവ സ്വദേശികളായ സത്യ ദേവി, മകൻ വിക്രം സിംഗ്, ലാഖ് രാജ് ഭാര്യ സതീഷ ദേവി എന്നിവരാണ് മരിച്ചത്. സത്യദേവിയുടെ ഭർത്താവ് നസീബ് സിംഗിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ബദർവ റോഡിലുണ്ടായ രണ്ടാമത്തെ അപകടത്തിൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നു. പല തവണ കരണം മറി‌ഞ്ഞാണ് കാർ 100-150 അടി താഴ്ചയിലുള്ള പുഴയിലേക്ക് പതിച്ചതെന്ന് ദൃക‍്‍സാക്ഷികൾ പറഞ്ഞു. മുഗൾ മാർക്കറ്റിന് സമീപം പാർണൂ സെക്ടറിലാണ് അപകടം ഉണ്ടായത്. ബലാരാ സ്വദേശി സജാദ് അഹമ്മദ് അപകടത്തിൽ മരിച്ചു. സഹയാത്രികനായ പിയൂഷ് മനാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവറെ പുഴയിൽ വീണ് കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. രവീന്ദർ കുമാർ എന്നയാളെയാണ് നേരു നദിയിൽ കാണാതായത്.

Top