കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗ് ഇതിഹാസം പീറ്റര്‍ ചെക്ക്

സീസണ്‍ അവസാനത്തോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രീമിയര്‍ ലീഗ് ഇതിഹാസം പീറ്റര്‍ ചെക്ക്. പ്രീമിയര്‍ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് താനെന്ന് നിസംശയം അവകാശപ്പെടാവുന്ന റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് പീറ്റര്‍ ചെക്ക് മടങ്ങുന്നത്.

ചെല്‍സിക്ക് വേണ്ടിയും ആഴ്‌സണലിന് വേണ്ടിയും വല കാത്ത വെറ്ററന്‍ താരം കളിക്കളത്തിലെ മാന്യതയുടെ പേരിലും ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി തീരുകയായിരുന്നു.

2004 ല്‍ സ്പാര്‍ട്ട പ്രേഗില്‍ നിന്ന് ചെല്‍സിയില്‍ എത്തിയ ചെക്ക് അവര്‍ക്കൊപ്പം 4 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 4 എഫ് എ കപ്പും, 3 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീല്‍ഡും ഇംഗ്ലണ്ടില്‍ സ്വന്തമാക്കി. യൂറോപ്യന്‍ മത്സരങ്ങളില്‍ ചെല്‍സിക്കൊപ്പം ഒന്ന് വീതം ചാമ്പ്യന്‍സ് ലീഗും, യൂറോപ്പ ലീഗും നേടിയ ചെക്ക് ആഴ്‌സണലിന് ഒപ്പം ഒരു എഫ് എ കപ്പും 2 കമ്മ്യുണിറ്റി ഷീല്‍ഡും സ്വന്തമാക്കി.

പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ക്‌ളീന്‍ ഷീറ്റുകള്‍ (24), പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്‌ളീന്‍ ഷീറ്റ് ഉള്ള ഗോളി( 202) എന്നീ റെക്കോര്‍ഡുകള്‍ ചെക്കിന്റെ പേരിലാണ്.

Top