കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

കോട്ടയം: കോട്ടയം പാത്താമുട്ടം ആംഗ്ലിക്കന്‍ പള്ളിയ്ക്കും കരോള്‍ സംഘത്തിനുമെതിരെ നടന്ന ആക്രമണം പ്രതിഷേധാര്‍ഹമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. അക്രമികളെ ഭയന്ന് ഇപ്പോഴും പള്ളിയില്‍ തന്നെ കഴിയുന്ന ആറ് കുടുംബങ്ങളെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും ഇതിനെതിരെ നടപടി എടുക്കുന്നതില്‍ പൊലിസ് ദയനീയമായി പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോട്ടയം പാത്താമുട്ടം ആംഗ്ലിക്കന്‍ പള്ളിയിലെ കരോള്‍ സംഘത്തെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം ഏറ്റവും പ്രതിഷേധാര്‍ഹമാണ്. വളരെ ക്രൂരമായ ആക്രമണം നടന്നിട്ടും അതിനെതിരെ നടപടി എടുക്കുന്നതില്‍ പോലീസ് ദയനീയമായി പരാജയപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സ്വന്തം വീടുകളിലേക്ക് പോലും പോകാന്‍ തയ്യാറാകാതെ ജനങ്ങള്‍ ഭയപ്പെട്ട് കഴിയുന്ന ഭീകരമായ സാഹചര്യം നിലനില്‍ക്കുകയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ പറയുന്ന അവരുടെ അനുഭവങ്ങള്‍ കേട്ടിട്ട് ഇത് കേരളത്തില്‍ തന്നെയാണോ ഈ സംഭവങ്ങള്‍ നടന്നത് എന്ന് പോലും സംശയിച്ചു പോയി.

അക്രമം നടത്തുന്നതിനു മുന്‍പ് ആശുപത്രിയിലെത്തി അഡ്മിറ്റ് ആയി എന്ന് കൃത്രിമ രേഖയുണ്ടാക്കി പ്രതികള്‍ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി ഇതേപ്പറ്റി സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇതാണോ നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നവോത്ഥാന പ്രവര്‍ത്തനവും നിങ്ങള്‍ ലക്ഷ്യമാക്കുന്ന സ്ത്രീസുരക്ഷയും എന്ന് വനിതാ മതില്‍ തീര്‍ക്കുന്ന സര്‍ക്കാര്‍ മറുപടി പറയണം.

ഈ അനീതിയില്‍ പ്രതിഷേധിച്ച് ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ബഹുജനങ്ങളുടെ പിന്തുണയോടെ പാത്താമുട്ടം ആംഗ്ലിക്കല്‍ പള്ളിയങ്കണത്തില്‍ നിന്നും കോട്ടയം എസ് പി ഓഫീസിലേക്ക് ജനുവരി നാലിന് നടത്തുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കണം എന്നഭ്യര്‍ത്ഥിയ്ക്കുന്നു.

Top