കരീബിയന്‍ പ്രീമിയര്‍ ലീഗ് തീയതി മാറ്റി

രീബിയന്‍ പ്രീമിയര്‍ ലീഗ് തീയതി മാറ്റി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 15 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതുക്കിയ ഷെഡ്യൂള്‍. നേരത്തെ ഓഗസ്റ്റ് 28നായിരുന്നു സിപിഎല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇങ്ങനെ സിപിഎല്‍ നടത്തിയാല്‍ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് വൈകിയേ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അത് മറികടക്കാനാണ് പുതിയ ഷെഡ്യൂള്‍.

ഐപിഎലും സിപിഎലും സുപ്രധാനമാണെന്ന് വിന്‍ഡീസ് ക്രിക്കറ്റ് പറഞ്ഞു. ഒരു ടൂര്‍ണമെന്റില്‍ നിന്ന് മറ്റൊരു ടൂര്‍ണമെന്റിലേക്ക് സുഗമമായി കടന്നുചെല്ലാന്‍ കഴിയണം. അതുകൊണ്ടാണ് തീയതി മാറ്റിവച്ചതെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലാവും ഇത്തവണത്തെ സിപിഎല്‍ നടക്കുക. സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിക്കും. വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെയാവും ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 9നോ 10നോ ഫൈനല്‍ നടന്നേക്കും. 10 ഡബിള്‍ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Top