സര്‍വീസ് ചാര്‍ജ് ഈടാക്കാതെ 1.30 ലക്ഷം ടണ്‍ സാധനങ്ങളുമായി എബിസി കാര്‍ഗോ തലസ്ഥാനത്തെത്തി

ദുബായ്: കാര്‍ഗോ കമ്പനികള്‍ ഭീമമായ തുക ഈടാക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനമയക്കുന്ന മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള എബിസി കാര്‍ഗോ. അഞ്ചു ദിവസത്തിനിടെ 1.30 ലക്ഷം ടണ്‍ സാധനങ്ങളാണ് ഇവര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെ നാട്ടിലേക്കയച്ചത്.

മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ സൗജന്യമായി എത്തിക്കുകയാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള എബിസി കാര്‍ഗോ. പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യക്തികളും, സേവനം ഉപയോഗപ്പെടുത്തിയതോടെ വന്‍തിരക്കാണ് സൗദിയിലേയും യുഎഇയിലേയും പല ശാഖകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ 1.30 ലക്ഷം കിലോ ദുരിതാശ്വാസ സാധന സാമഗ്രികള്‍ നാട്ടിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.

കേരളീയ ജനതയോട് അനുഭാവം പ്രകടിപ്പിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും സഹായഹസ്തവുമായി എത്തുന്നുണ്ട്. അതിവേഗം പാക്കിങ്, പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി സാധനങ്ങളയക്കാന്‍ സമയപരിധി നോക്കാതെ ജീവനക്കാരും സജീവമാണ്. തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലേക്കാണ് സാധനങ്ങള്‍ അയക്കുന്നത്. സൗജന്യ സേവനം വരും ദിവസങ്ങളിലും ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു. രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെ യുഎഇയുടെ വിവിധ മേഖലകളിലെ ശാഖകളിലൂടെ നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ അയക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Top