‘വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം’; പൊലീസിന് നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടര്‍മാരുടെയും പൊലീസുദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ. വീഴ്ചയുണ്ടാകരുത്, അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്. തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. 5.20 കോടി രൂപ കെട്ടിവെക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ തുക കെട്ടിവെച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്നും നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Top