പകർച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം, പനി ഒരു രോഗമല്ല രോഗലക്ഷണമാണ്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ സാധ്യതയുണ്ട്. കൊവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്1 എൻ1, ചിക്കൻ പോക്‌സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് (സീസണൽ ഇൻഫ്‌ളുവൻസ) കൂടുതലായും കണ്ട് വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽ പനി സുഖമാവാൻ 3 മുതൽ 5 ദിവസം വരെ വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോൾ ഇൻജക്ഷനും ട്രിപ്പിനും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കുക. കാരണം പാരസെറ്റമോൾ ഗുളികകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കുത്തിവയ്പ്പുകൾ പ്രവർത്തിക്കില്ല.

 

Top