വിളവെടുപ്പ്‌ അടുക്കുമ്പോള്‍ ഏലക്കായുടെ വില ഇടിയുന്നു

കുമളി: ഏലക്കായുടെ വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ വിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം കര്‍ഷകരെ വലയ്ക്കുന്നു. ഓഗസ്റ്റ് ആദ്യവാരത്തെ റെക്കോഡ് ഉയര്‍ച്ചയ്ക്കുശേഷം ഏലക്കായുടെ വില ഇടിഞ്ഞു തുടങ്ങി. മൂന്ന് ദിവസത്തെ ഇടിവിനുശേഷം നേരിയ ഉണര്‍വ് രേഖപ്പെടുത്തിയ വില വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. ഓഗസ്റ്റ് മൂന്നിന് നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസിന്റെ ലേലത്തിലെ ഉയര്‍ന്ന വില 7,000 രൂപയും അതേദിവസത്തെ വണ്ടന്‍മേട് മാസ് എന്റര്‍പ്രൈസസിന്റെ ലേലത്തിലെ ശരാശരി വില 4,734 രൂപയുമായിരുന്നു.

സീസണിലെ റെക്കോഡ് വിലയായിരുന്നു ഇത്. എന്നാല്‍ ചരക്ക് വിപണിയില്‍ എത്തിയതോടെ വ്യാപാരികള്‍ വിലകുറച്ചു തുടങ്ങി. ചൊവ്വാഴ്ച്ച നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസിന്റെ ലേലത്തില്‍ ഉയര്‍ന്ന വില 3092 രൂപയായും ശരാശരി വില 2318 രൂപയായും കുറഞ്ഞു. ബുധനാഴ്ചത്തെ ലേലത്തില്‍ നേരിയ ഉണര്‍വ് വന്നു. വ്യാഴാഴ്ച പ്രതീക്ഷ നല്‍കി വില അല്‍പ്പം കൂടി ഉയര്‍ന്നെങ്കിലും വെള്ളിയാഴ്ച ഇടിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന സുഗന്ധഗിരി സ്‌പൈസസ് പ്രൊമോട്ടേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ ലേലത്തില്‍ ശരാശരി വില 2,660 ആയി കുറഞ്ഞു.

ഉത്പാദനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വില ഇടിയുന്നതെന്നാണ് വിലയിരുത്തല്‍. ഏതാനും ആഴ്ചകളായി 30,000 കിലോഗ്രാമില്‍ താഴെ ഏലക്കായയാണ് ലേലത്തിന് എത്തിയിരുന്നത്. ചൊവ്വാഴ്ച നടന്ന ലേലത്തില്‍ അത് 47,431 ആയി ഉയര്‍ന്നിരുന്നു. വിലകുറഞ്ഞതോടെ കാര്യമായ തോതില്‍ ഉത്പന്നം എത്തിയില്ല.

ഇ-ലേലത്തിലെ വില ഇടിയാന്‍ തുടങ്ങിയതോടെ പൊതുവിപണിയിലെ വിലയിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ 2,000 മുതല്‍ 2,500 രൂപയ്ക്കു വരെയാണ് ചെറുകിട കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ ഏലക്കായ വാങ്ങുന്നത്. കര്‍ഷകരില്‍ നിന്ന് 4,500 രൂപയ്ക്കു മുകളില്‍ വില കൊടുത്തു വാങ്ങിയ ഏലക്കായ നഷ്ടം സഹിച്ച് വില്‍ക്കേണ്ട സാഹചര്യമാണ് ചെറുകിട വ്യാപാരികള്‍ക്ക്.

Top