ഡൽഹിയിൽ കലാപത്തിന് ശ്രമമെന്ന് കാരവൻ എഡിറ്റർ, വീണ്ടും പശുവിവാദം

രാജ്യത്തെ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വിവരമാണ് കാരവന്‍ മാഗസിന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന കാലത്ത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണിത്.

കിഴക്കന്‍ ദില്ലിയിലെ ത്രിലോക് പുരിയില്‍ പശുവിന്റെ പേരില്‍ കലാപത്തിന് ശ്രമം നടക്കുന്നുണ്ടെന്നാണ് കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് വ്യക്തമാക്കിയിരിക്കുന്നത്.

സഞ്ജയ് തടാകത്തിന് സമീപം രണ്ടു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം കലാപത്തിലേക്ക് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഈ പ്രദേശത്ത് തടിച്ച് കുടിയ ജനക്കൂട്ടം പശു ചത്തതിന് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും വിനോദ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി പൊലീസ്, മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് അടിയന്തര നടപടി കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ സംഭവം അതീവ ഗൗരവം തന്നെയാണ്. പ്രവചനാതീതമായ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ ലോക്‌സഭ സീറ്റുകളും തൂത്ത് വാരിയ ബി.ജെ.പിക്ക് ഇത്തവണയും വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയില്ല. ചരിത്ര ഭൂരിപക്ഷത്തോടെ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും ലോകസഭ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസ്സിനും ഡല്‍ഹി മോഹിപ്പിക്കുന്ന സംസ്ഥാനമാണ്.

മൂന്ന് പാര്‍ട്ടികളും സകല ആയുധങ്ങളും ഉപയോഗിച്ചാണ് ഇവിടെ പോരാടുന്നത്.സി.പി.എം ആം ആദ്മി പാര്‍ട്ടിക്കാണ് ഡല്‍ഹിയില്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെ ബി.ജെ.പി കോണ്‍ഗ്രസ്സ് നേതാക്കള്‍ മലയാളി മേഖലകളില്‍ തീവ്രപ്രചരണങ്ങളാണ് നടത്തി വരുന്നത്.രാജ്യ തലസ്ഥാനത്തെ പോരാട്ടം അഭിമാന പോരാട്ടമായി കണ്ടാണ് ഇവിടെ മൂന്ന് പാര്‍ട്ടികളും പ്രചരണം കൊഴുപ്പിക്കുന്നത്.

ഇത്തവണ ഡല്‍ഹിയില്‍ താമര ഇതള്‍ പൊഴിയുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അവകാശപ്പെടുന്നത്.ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ്. ഏറ്റവും കടുത്ത വെല്ലുവിളി ബി.ജെ.പി നേരിടുന്നത്.കെജരിവാളിനു നേരെ നടന്ന ആക്രമണം ഇവിടെ വലിയ പ്രചരണ വിഷയമാണ്. നിരന്തരം അടി വാങ്ങുന്ന കെജരിവാളിന് അനുകൂലമായ തരംഗം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും അവര്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയായിട്ടും ഡല്‍ഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ കെജരിവാളിന് സുരക്ഷ നല്‍കുന്നില്ലന്നാണ് ആക്ഷേപം. കേരളത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പോലും കേന്ദ്ര സുരക്ഷയില്‍ വിലസുമ്പോഴാണ് കെജരിവാളിന് ആവശ്യമായ സുരക്ഷ ഇല്ലാതിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഡല്‍ഹിയില്‍ കാറ്റ് കാവിക്ക് എതിരായി തിരിഞ്ഞു വീശുന്നു എന്ന പ്രചരണം നിലനില്‍ക്കെ വന്ന കാരവന്‍ എക്‌സിക്യുട്ടീവ് എഡിറ്ററുടെ പ്രതികരണം വലിയ ആശങ്കക്കാണ് ഇപ്പോള്‍ കാരണമായിരിക്കുന്നത്.

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ട മാധ്യമമാണ് കാരവന്‍. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പ്രതിരോധത്തിലാക്കിയ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ വിവേക് ദോവലിന് എതിരായ ആരോപണങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു.

വിവിധ വ്യാപാര രേഖകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാരവന്‍ റിപ്പോര്‍ട്ടില്‍ കെമന്‍ ദ്വീപ് പോലുള്ള നികുതി രഹിത രാജ്യങ്ങളില്‍ വിവേക് ദോവലിന് ദുരൂഹമായ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച് 13 ദിവസത്തിനുള്ളിലാണ് വിവേക് ഹെഡ്ജ് കമ്പനി സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ കാരവന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനു പുറമെ ദേശീയ തലത്തില്‍ ശ്രദ്ധേയമായ മറ്റ് നിരവധി സംഭവങ്ങളും കാരവന്‍ പുറത്ത്
കൊണ്ട് വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഈ മാധ്യമത്തിന്റെ എക്‌സിക്യുട്ടിവ് എഡിറ്ററുടെ വെളിപ്പെടുത്തലും ഗൗരവമാകുന്നത്.

ഡല്‍ഹിയില്‍ സംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കം തടയണമെന്ന് ഇതിനകം തന്നെ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ മനുഷ്യന്റെ വൈകാരികത ഉയര്‍ത്തുന്ന നടപടികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയാണെന്ന സംശയവും ബലപ്പെട്ടു കഴിഞ്ഞു.

ഡല്‍ഹിയില്‍ ഒരു തീ പടര്‍ന്നാല്‍ അതിന്റെ അലയൊലി സമീപ സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല രാജ്യവ്യാപകമായി തന്നെ വ്യാപിക്കാനും സാധ്യത ഏറെയാണ്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ട വെറുപ്പിന്റെ രാഷ്ട്രീയം ഡല്‍ഹിയുടെ മണ്ണില്‍ കൊണ്ടുവരാന്‍ ആര് തന്നെ ശ്രമിച്ചാലും അതിനെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.

Express Kerala View

Top