car sale in india in its highest

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്പന 2015-16 സാമ്പത്തിക വര്‍ഷം 7.87 ശതമാനം ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയിലുണ്ടായത്. 201011 ലെ 29 ശതമാനം വളര്‍ച്ചയാണ് ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച.

പുതിയ മോഡലുകള്‍ വിപണിയിലെത്തിയതാണ് വില്പന ഉയരാന്‍ സഹായിച്ചത്. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ കൂടുതല്‍ വിലക്കിഴിവും ഓഫറുകളും ഒരുക്കിയത് വില്പന വര്‍ധിക്കാന്‍ ഇടയാക്കി. 20,25,479 കാറുകളാണ് 2016 മാര്‍ച്ച് 31 ന് അവസാനിച്ച 201516 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വിറ്റഴിച്ചത്. വിപണി സ്വീകരിച്ച ഒട്ടേറെ മോഡലുകള്‍ 201516 ല്‍ കമ്പനികള്‍ പുറത്തിറക്കിയെന്ന് വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം വ്യക്തമാക്കി.

വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലാണ് ഉയര്‍ന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് സിയാം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുഗാതോ സെന്‍ പറഞ്ഞു. വായ്പാ പലിശ ഉയര്‍ന്നുനില്‍ക്കുന്നതും ഡീസല്‍ കാറുകള്‍ക്ക് മേല്‍ ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതുമൊക്കെ വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ഉത്പാദന രംഗത്ത് ഏറ്റവുമധികം നികുതി നല്‍കുന്ന മേഖലയാണ് വാഹന വ്യവസായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഉത്പാദന ശേഷിയുടെ 60 ശതമാനം മാത്രമേ ഇപ്പോള്‍ വിനിയോഗിക്കുന്നുള്ളൂ. ഇന്ത്യയില്‍ പല കാര്‍ കമ്പനികള്‍ക്കും ലാഭക്ഷമത ഇല്ലാത്ത സാഹചര്യമുണ്ടെന്നും സിയാം വ്യക്തമാക്കി.

വാഹന വിപണിയുടെ മൊത്തത്തിലുള്ള വളര്‍ച്ച 3.78 ശതമാനമാണ്. 201415 ല്‍ 1,97,24,371 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 2,04,69,385 വാഹനങ്ങള്‍ വിറ്റഴിച്ചത്.

വാണിജ്യ വാഹനങ്ങളുടെ വില്പന 11.51 ശതമാനം ഉയര്‍ന്ന് 6,85,704 യൂണിറ്റുകളായി. അതേസമയം, മാര്‍ച്ച് മാസത്തില്‍ കാര്‍ വില്പനയില്‍ 0.3 ശതമാനത്തിന്റെ നേരിയ ഇടിവുണ്ടായി. 1,75,730 കാറുകളാണ് ഈ മാര്‍ച്ചില്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. 2015 മാര്‍ച്ചില്‍ ഇത് 1,76,260 ആയിരുന്നു. മാരുതിയുടെ വില്പന 7.43 ശതമാനം ഉയര്‍ന്നപ്പോള്‍ ഹ്യുണ്ടായ് മോട്ടോഴ്‌സിന്റേത് 16.12 ശതമാനം ഇടിഞ്ഞു. ഹോണ്ട കാര്‍സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കും വില്പനയില്‍ ഇടിവുണ്ടായി. അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്പന ഉയര്‍ന്നു.

Top