സ്‌കൂളിലെ യാത്രയയപ്പ് ദിനത്തില്‍ റേസിങ് അഭ്യാസപ്രകടനങ്ങളുമായി വിദ്യാര്‍ത്ഥികള്‍, നടപടിയെടുക്കുമെന്ന് എംവിഡി

കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യാത്രയയപ്പ് ദിനത്തില്‍ സ്‌കൂള്‍മൈതാനത്ത് നടന്നത് റേസിങ് അഭ്യാസപ്രകടനങ്ങള്‍. വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ കുട്ടികള്‍ അപകടം വിളിച്ചുവരുത്തുന്ന തരത്തില്‍ മൈതാനത്ത് പൊടിപാറിച്ചും കാറും ബൈക്കും കറക്കിത്തിരിച്ചും തമ്മിലിടിപ്പിക്കാന്‍ നോക്കിയും അഭ്യാസം നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ഇന്നലെ കല്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം പരിശോധിക്കുന്നുണ്ട്. അതിവേഗത്തിലും അശ്രദ്ധമായും മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സ്‌കൂളിനകത്ത് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ നടപടി സ്വീകരിക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അറിയിച്ചു.

യാത്രയയപ്പ് പരിപാടികള്‍ക്കിടെ മൂന്നു കാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ഗേറ്റ് തുറന്ന് വാഹനങ്ങള്‍ ഗ്രൗണ്ടിലേക്ക് കയറ്റി. പിന്നാലെ റേസിങ് അഭ്യാസങ്ങള്‍ നടത്തി. കാറിന്റെ ഡോറിലിരുന്നും കൈകള്‍ വിട്ടും ആഹ്ലാദ പ്രകടനം നടത്തി. വ്യാഴാഴ്ചയായിരുന്നു സ്‌കൂളില്‍ യാത്രയയപ്പ് ചടങ്ങുകള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ അതിരുവിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ നേരത്തെ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് റോഡില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം സമാന സംഭവം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോ?ളേജിലും നടന്നിരുന്നു. അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് നാലായിരംരൂപ വീതം പിഴയും ഈടാക്കി. നടക്കാവ് പൊലീസില്‍ ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top