നഗരത്തിലൂടെ 150 കിലോ മീറ്റര്‍ വേഗതയില്‍ കാര്‍ റേസിംഗ് നടത്തിയ കൗമാരക്കാരന് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരു നഗരത്തിലൂടെ 150 കിലോ മീറ്റര്‍ വേഗതയില്‍ കാര്‍ റേസിംഗ് നടത്തിയ വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ദാരുണാന്ത്യം.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരത്തിലെ ഒരു ഇന്റനാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തിനിരയായ മൂന്ന് കുട്ടികളുമെന്ന് പൊലീസ് അറിയിച്ചു.

രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് കുട്ടികള്‍ മത്സരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടികള്‍ അതിവേഗത്തില്‍ കാര്‍ ഓടിക്കുകയായിരുന്നു. എന്നാല്‍ ഫ്‌ളൈ ഓവറില്‍ നിന്നു പുറത്തുവരുന്നതിനിടെ രണ്ടു കാറുകള്‍ അപകടത്തില്‍പെട്ടു.

150 കിലോമീറ്ററിലധികം വേഗതയിലാണ് തങ്ങള്‍ വാഹനമോടിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ പൊലീസിനോടു പറഞ്ഞു.

സ്‌കോഡ ഓടിച്ചിരുന്ന പതിനേഴുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു കുട്ടി ഓടിച്ചിരുന്ന ഇന്നോവ കാര്‍ മീഡിയന്‍ തകര്‍ത്ത് എതിര്‍വശത്തു നിന്നെത്തിയ ലോറിയില്‍ ഇടിച്ചു. മൂന്നാമന്‍ ഓടിച്ചിരുന്ന എസ്.യു.വിയും അപകടത്തില്‍പ്പെട്ടു. വാഹനം പൂര്‍ണമായി തകര്‍ന്നു. ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും രക്ഷിതാക്കളെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

Top