കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; എറണാകുളത്ത് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു

കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.

നാല് ഡോക്ടര്‍മാരും ഒരു നഴ്സുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ വേഗത്തില്‍ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. പുഴയില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.ഗൂഗിള്‍ മാപ്പ്‌നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നത്. പരിചയക്കുറവുള്ള സ്ഥലമായതിനാല്‍ അപകടത്തില്‍ പെടുകയായിരുന്നു.

Top