ആംബുലന്‍സിനെ കടത്തിവിടാതെ തടസം സൃഷ്ടിച്ച സംഭവം, കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: ആലുവയില്‍ ആംബുലന്‍സിനെ കടത്തിവിടാതെ തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി.

ആലുവ പൈനാടത്തുവീട്ടില്‍ നിര്‍മല്‍ ജോസിന്റെ (27)ലൈസന്‍സാണ് റദ്ദാക്കിയത്. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുമ്പാവൂരിലെ ആശുപത്രിയില്‍നിന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കല്‍ കോളേജിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്. എഎം റോഡില്‍ ചുണങ്ങംവേലി ഭാഗത്താണ് നിര്‍മല്‍ ഓടിച്ച കാര്‍ ആംബുലന്‍സിനെ മറികടന്നു കയറിയത്.

പലയിടത്തും വഴി മാറിത്തരാന്‍ സൗകര്യമുണ്ടായിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. സൈറണ്‍ മുഴക്കിയും നിര്‍ത്താതെ ഹോണടിച്ചും അംബുലന്‍സ് ഡ്രൈവര്‍ അടിയന്തരാവശ്യം അറിയിച്ചെങ്കിലും കടത്തിവിട്ടില്ല. ഈ ക്രൂരവിനോദം ആംബുലന്‍സിലുണ്ടായിരുന്നയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ ഉടനെ എടത്തല പോലീസിനോട് സ്വമേ ധയാ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രതിയുടെ കളിമൂലം അപകടാവസ്ഥയിലായ കുഞ്ഞിനെ 20 മിനിറ്റോളം വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. അതേസമയം ആംബുലന്‍സിനു വേഗ ത്തില്‍ പോകാന്‍ വഴിയൊരുക്കിക്കൊണ്ട് താന്‍ എസ്‌കോര്‍ട്ട് പോയതാണെന്നാണ് അറസ്റ്റിലായ നിര്‍മലിന്റെ വിശദീകരണം.

Top