സൊമാലിയ തലസ്ഥാനത്ത് കാര്‍ ബോംബ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് സ്ഫോടനം നടന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചെക്ക് പോയിന്റിലും മൊഗാദിഷു വിമാനത്താവളത്തിലേക്കുള്ള റോഡിലുമാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഷബാബ് സായുധ സംഘം ഏറ്റെടുത്തു.

പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചെക്ക് പോയിന്റിലുണ്ടായ സ്‌ഫോടനത്തിലാണ് 11 പേര്‍ കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷു വിമാനത്താവളത്തിലെ റോഡിലുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. തലസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എയര്‍പോര്‍ട്ടിനും കൊട്ടാരത്തിനും വേണ്ടിയുള്ള സുരക്ഷാ കേന്ദ്രങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ക്കാനായിരുന്നു പദ്ധതി.

2007 മുതല്‍ സോമാലിയന്‍ സര്‍ക്കാറിനെതിരെ യുദ്ധത്തിലാണ് അല്‍ ഷബാബ്. ഗറില്ല യുദ്ധം നടത്തുന്ന സംഘം കെനിയയിലും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2017 ഒക്ടോബറില്‍ മൊഗാദിഷുവില്‍ അല്‍ഷബാബ് നടത്തിയ ട്രക്ക് ബോംബാക്രമണത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top