കാര്‍ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ സംഭവം; പ്രതികള്‍ അറസ്റ്റില്‍

എറണാകുളം: തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ 4 പേരാണ് ഹില്‍ പാലസ് പൊലീസിന്റെ പിടിയിലായത്. ഇരുന്പനം പുതിയ റോഡ് ജംഗ്ഷനില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായത്.

തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനു പ്രസാദ് ചോറ്റാനിക്കര സ്വദേശികളായ ശരത്, ജിനുരാജ് എന്നിവരാണ് പൊലീസിന്റെ വലയിലായത്. ഈ മാസം 24ന് രാത്രി ഫോട്ടോഗ്രാഫറായ ജോര്‍ജ് വര്‍ഗീസും സുഹൃത്തും കാറില്‍ അങ്കമാലിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ പ്രതികളില്‍ രണ്ടു പേര്‍ ജോര്‍ജ് വര്‍ഗീസിന്റെ വാഹനം തടഞ്ഞുനിര്‍ത്തി. ബൈക്കില്‍ കാര്‍ തട്ടിയെന്നും നഷ്ടപരിഹാരം തരണമെന്നും യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.

പിന്നാലെ സംഘത്തിലെ മറ്റ് രണ്ട് പേരെ കൂടി പ്രതികള്‍ വിളിച്ചുവരുത്തി. യാത്രക്കാരന്റെ പക്കലുള്ള പണം കവര്‍ന്നതിന് പുറമേ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിപ്പിച്ച് അക്കൗണ്ടിലുള്ള നാലായിരം രൂപയും തട്ടിയെടുത്തു. സിസിടിവിയില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താനായത്. സംഭവ സമയം പ്രതികള്‍ മദ്യ ലഹരിയിലായിരുന്നു. ഇവര്‍ക്ക് പിന്നിലുള്ള മറ്റ് കവര്‍ച്ച സംഘങ്ങളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Top