ആ വീട്ടില്‍ ഇനി പ്രവീണ്‍ ഒറ്റയ്ക്ക്; കുവൈറ്റില്‍ നിന്നെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ ഉറ്റവര്‍

കോട്ടയം: കുവൈറ്റില്‍ നിന്നും പ്രവീണ്‍ എത്തുമ്പോള്‍ ആ വീട്ടില്‍ ഇനി ഓടിച്ചെന്ന് കെട്ടിപിടിക്കാന്‍ അമ്മയും അച്ഛനും അമ്മയും മകനും ഇല്ല. സ്‌നേഹത്തോടെ വരവേല്‍ക്കാന്‍ ഭാര്യയില്ല. എല്ലാവരുടെയും ചേതനയറ്റ മൃതദേഹം മരവിച്ച് പ്രവീണിനെയും കാത്ത് ആശുപത്രിയില്‍ കിടപ്പാണ്.

ശനിയാഴ്ച പുലര്‍ച്ചെ കുറവിലങ്ങാടിനടുത്ത് കാളികാവിലുണ്ടായ കാറപകടത്തിലാണ് കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ ഉറ്റവരെല്ലാം മരിച്ചത്. അച്ഛനമ്മമാരായ കെ.െക.തമ്പി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന്‍ അര്‍ജുന്‍ (അമ്പാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ്.

തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍പോയി മടങ്ങിവരുമ്പോഴാണ് ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അവിടെത്തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹങ്ങള്‍ തിരുവാതുക്കലെത്തിക്കും. ശവസംസ്‌കാരം ഞായറാഴ്ച 10-ന് വേളൂര്‍ എസ്.എന്‍.ഡി.പി.യോഗം ശ്മശാനത്തില്‍ നടക്കും.

കാറോടിച്ചിരുന്ന അര്‍ജുന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്കുവന്ന കാര്‍ തെന്നിമാറി എതിര്‍ദിശയിലുള്ള ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലില്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്പി. അര്‍ജുന്‍ മണര്‍കാട് സെന്റ് മേരീസ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

Top