ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

അമ്പലപ്പുഴ: ആലപ്പുഴയില്‍ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട തായങ്കരി സ്വദേശി മനോജ് എന്ന വ്യക്തിയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ടുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് ബന്ധുക്കള്‍ വന്ന കാറാണ് കത്തിയത്.

മരണമടഞ്ഞ മനോജിന്റെ ബന്ധു ഇടുക്കി വാഗമണ്‍ സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഇത്. സുഹൃത്ത് ഗണേഷാണ് കാര്‍ ഓടിച്ചത്. കാറില്‍ നിന്ന് സാധനങ്ങളുമായി മോര്‍ച്ചറിയിലേക്ക് കയറി അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും കാറിന് തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി വാലന്റൈന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഫയര്‍ഫോഴ്സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല. അപകട കാരണം വ്യക്തമായിട്ടില്ല.

Top