ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കണിച്ചുകുളങ്ങര : ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് മരിച്ചത്. 19 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍വെച്ചാണ് വിഷ്ണുപ്രിയ മരിച്ചത്. ശനിയാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് പറയുന്നു.

കാറില്‍ യാത്രചെയ്യുകയായിരുന്ന അനന്തുവിനും (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവര്‍ക്കും പരിക്കേറ്റു. ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കുമാറ്റി. മാരാരിക്കുളത്തുനിന്നുള്ള പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.

Top