മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ക്യാപ്റ്റന്‍ വിരാട് കോലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. മത്സരത്തിന് ഇറങ്ങും മുമ്പ് 2928 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ന് 73 റണ്‍സ് നേടിയതോടെ മൊത്തത്തില്‍ 3001 റണ്‍സായി കോലിക്ക്.

ശരാശരി നോക്കിയാലും സ്‌ട്രൈക്കറ്റ് റേറ്റ് പരിശോധിച്ചാലും കോലിക്ക് മറ്റു താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനാണ് കോലി. 87 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സെടുത്തത്. സ്‌ട്രൈക്കറ്റ് റേറ്റ് 138.35. ശരാശരിയാവട്ടെ 50.86 ഉം. പുറത്താവാതെ നേടിയ 94 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

ടി20 മത്സരങ്ങളില്‍ സെഞ്ചുറി ഇല്ലെങ്കിലും 26 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കോലിക്ക് പിന്നില്‍. 99 മത്സരങ്ങള്‍ കളിച്ച ഗപ്റ്റില്‍ 2839 റണ്‍സ് നേടി.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്. 2773 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 3000 പൂര്‍ത്തിയാക്കാന്‍ 227 റണ്‍സാണ് രോഹിത്തിന് വേണ്ടത്. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (2346), പാകിസ്ഥാന്‍ വെറ്ററന്‍ ബാറ്റ്സ്മാന്‍ ഷൊയ്ബ മാലിക് (2335) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 

Top