കേരള സീനിയര്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് കളിക്കാര്‍ക്കുള്ള മത്സരവിലക്ക് ഇളവ് ചെയ്യും

കൊച്ചി: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് കളിക്കാര്‍ക്കു കെസിഎ ഏര്‍പ്പെടുത്തിയ മത്സര വിലക്കിന് ഇളവ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ ഗൂഢാലോചന നടത്തി ടീമില്‍ ഭിന്നത സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയെന്ന കുറ്റത്തിനാണ് മത്സരവിലക്ക് ഏർ‍പ്പെടുത്തിയിരുന്നത്.

കടുത്ത ശിക്ഷ ഒഴിവാക്കണമെന്ന കളിക്കാരുടെ അഭ്യര്‍ഥനയും, ചില മുന്‍ കളിക്കാരുടെ ഇടപെടലും കാരണമാണ് ഇളവിന്റെ കാര്യം പരിഗണിക്കുന്നത്. കടുത്ത ശിക്ഷ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച കളിക്കാര്‍ വിവാദ സംഭവത്തിനു പിന്നിലെ കൂടുതല്‍ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കത്ത് തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു രഞ്ജി മത്സരം മാത്രം കളിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഒരു മുന്‍ കളിക്കാരനാണ് ചരടുവലിച്ചതെന്നാണു കളിക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍ കേരള ക്യാപ്റ്റന്‍ കൂടിയായ കെ.എന്‍.അനന്തപത്മനാഭനാണ് അനുരഞ്ജനത്തിനു മുന്‍കൈയെടുത്തത്. വിലക്ക് ഒഴിവാക്കിയാലും പിഴശിക്ഷ ഒഴിവാക്കേണ്ടെന്ന നിലപാടിലാണു കെസിഎ. അതേസമയം ടീമിലെ കളിക്കാര്‍ക്കായി കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കെസിഎ തീരുമാനിച്ചു. ഐസിസി മാച്ച് റഫറി വി.നാരായണന്‍കുട്ടി, ബിസിസിഐ മാച്ച് റഫറിമാരായ കെ.എന്‍.അനന്തപത്മനാഭന്‍, പി.രംഗനാഥന്‍ എന്നിവരാണ്‌ പെരുമാറ്റച്ചട്ടത്തിനു രൂപം നല്‍കുന്നത്.

ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിനു പുറമേയാണിത്. ഓരോ ടൂര്‍ണമെന്റിലും ടീമിലെത്തുന്ന കളിക്കാര്‍ പെരുമാറ്റചട്ടത്തില്‍ ഒപ്പിടണം. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയതിനു നേതൃത്വം നല്‍കിയവരെന്ന നിലയിലുമാണ്‌ റെയ്ഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, സന്ദീപ് വാരിയര്‍, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ക്ക് മൂന്ന് ഏകദിന മത്സരങ്ങളിലെ വിലക്കും, മൂന്ന് ദിവസത്തെ മാച്ച് പിഴയും ഏര്‍പ്പെടുത്തിയത്. കത്തില്‍ ഒപ്പിട്ട മറ്റ് എട്ടു പേര്‍ക്ക് പിഴ മാത്രവും വിധിച്ചു. പിഴശിക്ഷ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണു നല്‍കേണ്ടത്.

കടുത്ത ശിക്ഷ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച കളിക്കാര്‍ വിവാദ സംഭവത്തിനു പിന്നിലെ കൂടുതല്‍ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തിരുവനന്തപുരത്തു സിലക്ടര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം പുതിയ തീരുമാനം പ്രഖ്യാപിക്കും. കോച്ച് ഡേവ് വാട്‌മോറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വിലക്ക് ഒഴിവാക്കുന്നത് പരിഗണിക്കുന്നതിനാലാണ് വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള ടീം പ്രഖ്യാപനം വൈകുന്നത്.

Top