ക്യാപ്റ്റന്‍ സ്ഥാനം കോലിയുടെ പ്രകടനങ്ങളെ ബാധിക്കുന്നു: ബിസിസിഐ

മുംബൈ: ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ല്‍ ഏകദിന ലോകകപ്പ് ഉള്ളതിനാല്‍ എത്രയും വേഗം ഇത് നടപ്പിലാക്കുമെന്നും സൂചനയുണ്ട്.

ക്യാപ്റ്റന്‍ സ്ഥാനം മൂലം കോലിയുടെ ബാറ്റിംഗ് പഴയതുപോലെ കരുത്തുറ്റതല്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റന്‍ ചുമതലകള്‍ കോലിയില്‍ നിന്ന് മാറ്റിയാല്‍ താരം തിരികെ ഫോമിലെത്തിയേക്കും. രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഉഭയകക്ഷി പരമ്പരയില്‍ രോഹിതാവും ഇന്ത്യന്‍ ക്യാപ്റ്റന്‍. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നല്‍കേണ്ടതുണ്ട്. അതിനാല്‍, പറ്റിയ ടീമിനെ തിരഞ്ഞെടുക്കുന്നതിന് അവര്‍ക്ക് സമയം നല്‍കാനായാണ് ഉടന്‍ രോഹിതിനെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത്.

 

 

Top