എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദിപറഞ്ഞ് ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ ക്യാപ്റ്റന്‍

ഡല്‍ഹി: മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍. തീയണയ്ക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു.

ശനിയാഴ്ച രാത്രിയാണ് ഏദന്‍ കടലിടുക്കില്‍വെച്ച് ബ്രിട്ടീഷ് ചരക്കുകപ്പലായ മാര്‍ലിന്‍ ലുവാന്‍ഡയ്ക്ക് നേരെ മിസൈലാക്രമണമുണ്ടായത്. കപ്പലില്‍ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യര്‍ഥിച്ചുള്ള സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികയുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായെത്തുകയായിരുന്നു. ആദ്യം നിയന്ത്രണവിധേയമായ തീ പിന്നീട് പൂര്‍ണമായും കെടുത്താന്‍ അഗ്‌നിരക്ഷാസേനയ്ക്ക് സാധിച്ചു.’ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യന്‍ നാവികസേനയിലെ എല്ലാ വിദഗ്ധര്‍ക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു’, മാര്‍ലിന്‍ ലുവാന്‍ഡയുടെ ക്യാപ്റ്റന്‍ അഭിലാഷ് റാവത്ത് വീഡിയോസന്ദേഷത്തില്‍ പറഞ്ഞു.

ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂര്‍ണമായും കെടുത്തിയതായി ഇന്ത്യന്‍ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു. സഹായം തേടിയുള്ള സന്ദേശത്തോട് യുഎസ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും പ്രതികരിച്ചിരുന്ന കാര്യവും നാവികസേന വ്യക്തമാക്കി.ജനുവരി 18ന് മറ്റൊരു ചരക്കുകപ്പലിനുനേര്‍ക്ക് ഡ്രോണാക്രമണമുണ്ടായപ്പോഴും ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായെത്തിയിരുന്നു. 21 ഇന്ത്യാക്കാരുമായി ലൈബീരിയന്‍ ചരക്കുകപ്പലിനുനേരെയും 2023 ഡിസംബര്‍ 23ന് ഡ്രോണാക്രമണം നടന്നിരുന്നു.

Top