മുംബൈ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ അമോല്‍ മസുംദാരിനെ നിയമിച്ചു

മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ അമോല്‍ മസുംദാരിനെ നിയമിച്ചു. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി നിയമിതനായ രമേഷ് പവാറിന് പകരമാണ് നിയമനം.

വിനോദ് കാംബ്ലി, ജതിന്‍ പരഞ്ച്‌പൈ, നീലേഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തിരഞ്ഞെടുത്തത്. വസീം ജാഫര്‍, സായ്‌രാജ് ബഹുതുലെ തുടങ്ങിയവരുംഅപേക്ഷകരായിരുന്നു. 1993 മുതല്‍ 2013 വരെ ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന മസുംദാര്‍ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 11,167 റണ്‍സെടുത്തിട്ടുണ്ട്.

2014ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വസീം ജാഫര്‍ മറികടക്കും മുമ്പ് രഞ്ജി ട്രോഫിയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. പൂര്‍ണസമയ നായകനായുള്ള ആദ്യ സീസണില്‍ തന്നെ മുംബൈയെ രഞ്ജി ചാമ്പ്യന്‍മാരാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചുകൂട്ടിയിട്ടും താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.
പരിശീലകനായി തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അമോല്‍ മസുംദാര്‍ നന്ദിയറിയിച്ചു.

ഏഴ് ഇന്ത്യന്‍ താരങ്ങളുള്ള മുംബൈ ടീം ഗംഭീരമാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പര്യടനത്തിന് 2019ല്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെയ് രണ്ടാംവാരമാണ് പരിശീലകനുള്ള അപേക്ഷ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചത്. കുറഞ്ഞത് 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം എന്നതായിരുന്നു യോഗ്യതാ മാനദണ്ഡങ്ങളില്‍ ഒന്ന്.

 

Top