ലോയ്ഡ്സ് ലിസ്റ്റ് മാസികയുടെ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ മലയാളിയും

പ്രമുഖ ഷിപ്പിംഗ് ജേര്‍ണലായ ലോയ്ഡ്സ് ലിസ്റ്റ് മാസികയുടെ വാര്‍ഷിക റിപ്പോര്‍ട്ടിൽ പുറത്തിറക്കിയ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയും. എറണാകുളം സ്വദേശിയായ ഇദ്ദേഹം സിംഗപ്പൂർ ആസ്ഥാനമായ സിനെർജി മറൈൻ ഗ്രൂപ്പ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്തെ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് രാജേഷ് ഉണ്ണി പട്ടികയിൽ ഇടം നേടിയത്. ലോകത്തെ ഏറ്റവും വിപുലവും ഫലപ്രദവും കാര്യക്ഷമമവുമായ ഉപഭോക്തൃ കേന്ദ്രീകൃത ഷിപ്പിംഗ് സേവന ശൃംഖല കെട്ടിപ്പെടുത്ത ഉന്നത വ്യക്തിത്വമായാണ് രാജേഷ് ഉണ്ണിയെ ലോയ്ഡ്സ് ലിസ്റ്റ് വിലയിരുത്തിയത്.

കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികളെ ഏറ്റവും ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാന്‍ രാജേഷ് ഉണ്ണിയ്ക്കും സിനെര്‍ജി ഗ്രൂപ്പിനും സാധിച്ചുവെന്നു ലോയ്ഡ്സ് ലിസ്റ്റ് വിലയിരുത്തി. കൊവിഡ് വ്യാപകമായ സമയത്ത് യാത്രാമധ്യേ കുടുങ്ങിക്കിടന്ന കപ്പല്‍ ജീവനക്കാരെ കരയ്ക്കെത്തിയ്ക്കുകയും പുതിയ ആളുകളെ നിയോഗിക്കുകയും ചെയ്യുന്ന കാര്യത്തിലും മറ്റും നേരിട്ട പ്രതിസന്ധി തികഞ്ഞ നൈപുണ്യത്തോടെയും ഉത്തരവാദിത്തോടെയും കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി. പ്രതിസന്ധികാലത്ത് സര്‍ക്കാരുകളുടേയും ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുടേയും ആവശ്യങ്ങള്‍ മനസ്സിലാക്കി ക്യാപ്റ്റൻ ഉണ്ണി പ്രവർത്തിച്ചു. ആഗോള ഷിപ്പിങ് മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നയാൾ കൂടിയാണ് അദ്ദേഹം. കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറച്ചുകൊണ്ട് സുസ്ഥിര പരിസ്ഥിതി സൗഹൃദ നടപടികള്‍ തന്റെ കര്‍മ്മമേഖലയില്‍ കൊണ്ടുവരുന്നതിന് രാജേഷ് ഉണ്ണി ആവിഷ്ക്കരിച്ച പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ വളരെയധികം ശ്രദ്ധയാകർഷിച്ചു.

ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങിൽ മുതിർന്ന എക്സിക്യൂട്ടീവ് ഷിപ്പ് മാനേജുമെന്റ് റോളുകളിൽ രാജേഷ് ഉണ്ണി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സിനര്‍ജി ഗ്രൂപ്പ് അടുത്തിടെ ലോയിഡ്സ് ലിസ്റ്റ് ഓഫ് ടോപ് 10 ഷിപ്പ് മാനേജേഴ്സിലും ഇടം നേടിയിരുന്നു. നാനൂറോളം കപ്പലുകള്‍ സിനര്‍ജി ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തെ പ്രമുഖ തുറമുഖങ്ങളില്‍ ഓഫീസുകളുള്ള സിനെര്‍ജി ഗ്രൂപ്പില്‍ 12,000ത്തിലേറെ ജീവനക്കാരാണുള്ളത്. ഷിപ്പിംഗ് മേഖല അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് അതിവേഗം വികസിപ്പിക്കണമെന്ന ഉറച്ച ബോധ്യത്തോടെ 2017ൽ അദ്ദേഹം ബി‌ഡബ്ല്യു, നിസ്സെൻ കൈൻ എന്നിവർക്കൊപ്പം ചേർന്ന് ആൽഫ ഒറി ടെക്നോളജീസ് (എഒടി) സ്ഥാപിച്ചു. ബി2ബി ടെക്നോളജി കമ്പനിയാണ് ആൽഫ ഒറി ടെക്നോളജീസ്. ഐഒടി (ഇൻറർനെറ്റ് ഓഫ് തിംഗ്സ്), ഷിപ്പർപി (എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്), ബിഗ്ഡാറ്റ സയൻസ് എന്നിവയ്ക്ക് കീഴിലാണ് എഒടി പ്രവർത്തിക്കുന്നത്.

Top