അപകടമൊഴിയാതെ മുതലപ്പൊഴി; ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍പ്പെട്ട 16 പേരെയും രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് നേതൃത്വം നല്‍കിയത്.

വര്‍ക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിച്ചത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്നലെ മുതലപ്പൊഴിയില്‍ ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

മണ്‍സൂണ്‍ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടിരുന്നു. അഴിമുഖത്തെ പ്രശ്‌നങ്ങള്‍ പഠിച്ച ചെന്നൈ ഐഐടിയുടെ നിര്‍ദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഹാര്‍ബര്‍ അടച്ചിടാതെയുള്ള പുനര്‍നിര്‍മ്മാണമാണ് ശാശ്വതമായ പരിഹാരമെന്ന് മത്സ്യതൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ലത്തീന്‍ സഭയും രംഗത്തെത്തി.

Top