ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ARREST

തിരുവനന്തപുരം: ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. തിരുവനന്തപുരം കോളിയൂരില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ ഒന്നാം പ്രതിയും പാറശ്ശാല സ്വദേശിയുമായ അനില്‍ കുമാര്‍ എന്ന കൊലുസു ബിനുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ചന്ദ്രശേഖരന് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.2016 ജൂലൈയിലാണ് കൊലപാതകം നടന്നത് കൊലനടന്ന വീടിന് സമീപം പണ്ട് താമസിച്ചിരുന്ന അനില്‍ കുമാറിന് കൊല്ലപ്പെട്ട വ്യക്തിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പ്രദേശത്ത് നിന്നൊഴിപ്പിക്കുകയും ഗൃഹനാഥന്‍ ഇയാളില്‍ നിന്നും അകലുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വച്ച അനില്‍ കുമാര്‍ രണ്ടാം പ്രതി ചന്ദ്രശേഖരനൊപ്പം കോളിയൂരില്‍ തിരിച്ചെത്തി കൊള്ളയും കൊലപാതകവും നടത്തുകയായിരുന്നു.

സംഭവദിവസം രാത്രി വീടിന്റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനേയും ഭാര്യയേയും അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ അനില്‍കുമാര്‍ ചന്ദ്രശേഖരനും ആക്രമിച്ചു വീഴ്ത്തി. ആക്രമണത്തില്‍ തലയ്ക്കും മുഖത്തും വെട്ടേറ്റ ഗൃഹനാഥന്‍ കൊലപ്പെട്ടു. പിന്നീടാണ് വീട്ടമ്മയെ ആക്രമിച്ചതും ബലാത്സംഗം ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതും. ഇത്രയും ക്രൂരമായ ആക്രമണം നടന്നെങ്കിലും വീട്ടിനുള്ളില്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ദമ്ബതികളുടെ മക്കളോ നാട്ടുകാരോ ഇതറിഞ്ഞില്ല. രാവിലെ ഉറക്കമെഴുന്നേറ്റു വന്ന കുട്ടികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ട് നിലവിളിച്ചോടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ ബലത്തില്‍ വെറും രണ്ട് ദിവസം കൊണ്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്‌പെര്‍ജന്‍ കുമാറിന്റേയും ഫോര്‍ട്ട് എസി കെസ് ഗോപകുമാറിന്റേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. കേസിന്റെ വിചാരണയ്ക്കിടെ 76 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സംഭവത്തിന് ശേഷം തിരുനല്‍വേലിയിലെ ജ്വല്ലറിയിലെത്തി ഒന്നാം പ്രതി അനില്‍കുമാറും ഭാര്യാമാതാവ് അമ്മുക്കുട്ടിയും ചേര്‍ന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം കൊടുത്ത് പുതിയ സ്വര്‍ണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ എത്തിച്ചിരുന്നു.

ആക്രമണത്തില്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ വീട്ടമ്മയെ പലതവണ ശസ്ത്രക്രിയകള്‍ക്ക് വിധേയയായെങ്കിലും ഇവര്‍ക്ക് ഇതുവരെ ഓര്‍മശക്തി തിരിച്ചുകിട്ടിയിട്ടില്ല.

Top