വര്‍ഗീയതയുണ്ടാക്കി ബിജെപി സമൂഹത്തെ വിഭജിക്കുന്നു…

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കാത്ത കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഡല്‍ഹിയില്‍ അക്രമികളും പൊലീസിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കിയെന്ന് ഉറപ്പാണ്. ഇതാണു കൊലപാതകങ്ങളിലേക്കും തീവയ്പിലേക്കും നയിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്താനാണ് എന്‍സിപിയും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം.ഡല്‍ഹി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കും. ഡല്‍ഹിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Top