ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ആലപ്പുഴ: ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിശദീകരണം എന്ന് പരാതിക്കാരി പറയുന്നു.

ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി മണിമംഗലം വീട്ടിൽ രാജമ്മ ആണ് ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റതിന് പിന്നാലെ പരാതി നൽകാൻ എത്തിയത്. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്കേറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. പതിനഞ്ചുകാരനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

അപകടത്തിൽ 71കാരിയായ രാജമ്മയുടെ കൈക്കും കാലിനും ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനെ തുടർന്ന് ആറു തുന്നിക്കെട്ടുകളും വേണ്ടി വന്നു. ചികിത്സയ്ക്കായി ഇവർക്ക് നല്ലൊരു തുക ചിലവായി. ഇതോടെ നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തത്.

ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്.

Top