പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം, പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല: സിഐടിയു

തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം. സിഎംഡി മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. ശമ്പളം മുടങ്ങുന്നതിന് എതിരെ നടത്തുന്ന സമരത്തിലാണ് സിഐടിയു വിമര്‍ശനം.

കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165കോടി വകമാറ്റി ചെലവഴിച്ചു. ബസുകള്‍ മുഴുവന്‍ ഡിപ്പോകളില്‍ കൂട്ടിയിട്ട് നശിപ്പിച്ച ശേഷം അത് നന്നാക്കാനുള്ള തുക തൊഴിലാളികള്‍ വാങ്ങിയെടുക്കണമെന്ന് പറയുന്നത് എന്തിനാണെന്നും ഹരികൃഷ്ണന്‍ ചോദിച്ചു. 28ന് സൂചന പണിമുടക്ക് നടത്തും. 19മുതല്‍ ചീഫ് ഓഫിസിന് മുന്നില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

Top