സ്വീകരിക്കാന്‍ ഇനി ബൊക്കെ വേണ്ട… ഖാദി തൂവാലയോ പുസ്തകമോ മതിയാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്കകത്തെ സന്ദര്‍ശനത്തില്‍ ബൊക്കെ നല്‍കി സ്വീകരിക്കുന്നത് നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ബൊക്കെയ്ക്ക് പകരം ഒരു പുഷ്പമോ, ഖാദി തൂവാലയോ പുസ്തകമോ നല്‍കിയാല്‍ മതിയാകുമെന്നാണ് പുതിയ ഉത്തരവ്. ‘മന്‍ കി ബാത്ത്’ പരിപാടിക്കിടെ മോദി തന്നെ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉപയോഗശൂന്യമായി ചവറ്റുകുട്ടയില്‍ കളയുന്ന ബൊക്കെയേക്കാള്‍ എന്തുകൊണ്ടും മികച്ചത് പ്രയോജനകരമാകുന്ന പുസ്തകങ്ങളും തൂവാലകളുമാണ്. ഖാദി തൂവാല നല്‍കുന്നത് കരകൗശലക്കാര്‍ക്ക് സഹായകരമാകുമെന്നും പുസ്തകം വായനാശീലത്തെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.

ജൂണ്‍ 17ന് മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയില്‍ എത്തിയ വേളയില്‍ ബൊക്കെയ്ക്ക് പകരം പുസ്തകം നല്‍കി സ്വീകരിച്ചുകൂടെ എന്ന് മോദി തന്നെ ചോദിച്ചിരുന്നു.

Top