ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാമക്ഷേത്രം വീണ്ടും സജീവമാക്കാന്‍ നേതാക്കള്‍

Amit Shah

ന്യൂഡല്‍ഹി:ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രത്യാശ പ്രകടിപ്പിച്ച് രംഗത്ത് . രാമക്ഷേത്ര നിര്‍മ്മാണം സാംസ്‌ക്കാരിക വിജയമാകുമെന്നാണ് ബിജെപി അദ്ധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ അമിത് ഷായുടെ അഭിപ്രായം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്ഥാവന വന്നതിന് പിന്നാലെയാണ് ബിജെപിയുടെയും അഭിപ്രായ പ്രകടനം.

600 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാമക്ഷേത്രം തകര്‍ക്കപ്പെട്ടതെന്ന് ബിജെപി പറയുന്നു. അന്നു മുതലുള്ള ജനങ്ങളുടെ വികാരം ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണം വരെ നീണ്ടു നില്‍ക്കുന്നതായിരിക്കുമെന്നും ബിജെപി നേതൃത്വം തുറന്നടിച്ചു. നൂറ്റാണ്ടുകളായുള്ള ജനങ്ങളുടെ പ്രാര്‍ത്ഥനയും ആവശ്യവുമാണ് ഇല്ലാതായിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും നമ്മുടെ സംസ്‌കാരം ഐക്യത്തിന്റെതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം അറിയിച്ചു. അവിടെ നേരത്തേ രാമക്ഷേത്രം ഉണ്ടായിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഹിന്ദു-മുസ്ലീം തര്‍ക്കം അവസാനിക്കുമെന്നും ഭാഗവത് പറഞ്ഞു.

ഗോരക്ഷകരുടെ അക്രമത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഗോരക്ഷകര്‍ ആള്‍ക്കൂട്ട അക്രമണങ്ങളും സംഘര്‍ഷവും കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നായിരുന്നു മറുപടി. മിശ്ര വിവാഹങ്ങള്‍ക്ക് എതിരല്ലെന്നുമായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസ്ഥാവന.

ഹിന്ദു രാഷ്ട്രീയത്തിന് ഇത്തവണ തെരഞ്ഞെടുപ്പിലും മാറ്റമില്ലെന്നാണ് ഈ പ്രസ്ഥാവനകള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. അയോദ്ധ്യാ വിഷയം വീണ്ടും ചൂടു പിടിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും കച്ചമുറുക്കുമ്പോള്‍ രാഹുല്‍ ഗന്ധിയും ഹിന്ദു രാഷ്ട്രീയം പയറ്റുന്നതിനുള്ള കൈലാസ യാത്രകള്‍ ആയുധമാക്കുന്നുണ്ട്.

അയോധ്യാ സ്ഥലം സംബന്ധിച്ചുള്ള കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബംഗാളില്‍ മമത ബാനര്‍ജി ഹിന്ദു രാഷ്ട്രീയത്തിന്റെ വക്താവായി മാറിയെന്ന് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. വിനായക ചതുര്‍ത്ഥിയും, രാമക്ഷേത്രവും രാഹുലിന്റെ ശിവഭക്ത ചിത്രങ്ങളും എല്ലാം തന്നെ വിശദമായ ചര്‍ച്ചകള്‍ക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Top