ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജലീല്‍ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപീം കോടതി വ്യക്തമാക്കി.

മുന്‍പും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ ആബിദിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി. ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് കെ.ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ഉന്നത സ്ഥാനത്ത് ആബിദിനു മുമ്പ് ചുമതല വഹിച്ചിരുന്ന രണ്ടുപേരും അപേക്ഷ ക്ഷണിക്കാതെ നിയമിക്കപ്പെട്ടവരാണെന്ന് ജലീലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജലീലിന്റെ ബന്ധുവാണ് ആബിദ് എന്നും അതിനാല്‍ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിച്ചുള്ള ബന്ധു നിയമനം ഭരണഘടനാലംഘനമാണ് എന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി ആര്‍ ഗവായ് നിരീക്ഷിച്ചു.

മുസ്ലിം ലീഗിന്റെ മുപ്പത്തി ഏഴ് പ്രവര്‍ത്തകര്‍ക്ക് കോര്‍പറേഷന്‍ വായ്പ അനുവദിച്ചിരുന്നുവെന്നും ഇവര്‍ വായ്പാ തിരിച്ചടവ് മുടക്കിയതിനാല്‍ ആബിദ് നടപടി എടുത്തതാണ് പരാതിക്ക് കാരണം എന്നും ജലീലിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജലീലിന്റെ ബന്ധു ആയിരുന്നില്ല ആബിദ് എങ്കില്‍ ഹര്‍ജിയിലെ പല വസ്തുതകളും തങ്ങള്‍ പരിഗണിക്കുമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ന്ന് ഹര്‍ജി തള്ളുമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ജലീലിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. കെടി ജലീലിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും അഭിഭാഷകന്‍ ബിജോ മാത്യു ജോയിയും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.

Top