തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍തന്നെ വാങ്ങണമെന്ന് സേനകളോട് നിര്‍ബന്ധിക്കാനാവില്ല; പ്രതിരോധമന്ത്രി

Nirmala Sitharaman

ചെന്നൈ: കര-നാവിക-വ്യോമ സേനകളോട് തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ത്തന്നെ വാങ്ങണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ നിര്‍മിച്ച ആയുധങ്ങള്‍ തന്നെ വാങ്ങാന്‍ കഴിയുന്നിടത്തോളം ശ്രമിക്കും എന്നു മാത്രമേ ഉറപ്പിച്ചു പറയാനാകൂ. ഇക്കാര്യത്തില്‍ ഓരോ വിഭാഗത്തിനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ ഉദ്പാദന രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സൈനിക പ്രദര്‍ശനം ഡിഫെക്സ്പോയുടെ ഭാഗമായി ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ആവശ്യമായ ആയുധങ്ങളും മറ്റ് വസ്തുക്കളും ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കാനും അങ്ങനെ തദ്ദേശീയമായി ആയുധ ഉല്‍പാദനം വളര്‍ത്താനും ലക്ഷ്യമിട്ടാണ് സൈനിക പ്രദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ പ്രതിരോധ ഉദ്പാദന ഹബ്ബ് ആക്കി മാറ്റുകയാണ് ലക്ഷ്യം. പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും.

ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖ പ്രതിരോധ കമ്പനികളുടെ അത്യാധുനിക ആയുധങ്ങള്‍, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ എന്നിവ പ്രദര്‍ശനത്തിലുണ്ട്.

Top