ന്യൂഡല്‍ഹി: ലൈംഗീകാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡല്‍ഹി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ബ്രിജ് ഭൂഷന്‍ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസില്‍ 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കര്‍ഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ ഗുസ്തി താരങ്ങള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദില്ലിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങള്‍ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ചത്. കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങള്‍ പിന്മാറിയത്. ഇന്ത്യാ ഗേറ്റില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നുണ്ട്. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തും. സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഖാപ് പഞ്ചായത്ത് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.