അച്യുതാനന്ദ് ദ്വിവേദിയുടെ ‘വിത്തുകളുടെ അമ്മ’ എന്ന ഹ്രസ്വചിത്രത്തിന് കാന്‍ പുരസ്‌കാരം

കാന്‍(ഫ്രാൻസ്):ഇന്ത്യന്‍ സംവിധായകന്‍ അച്യുതാനന്ദ് ദ്വിവേദിയുടെ ‘വിത്തുകളുടെ അമ്മ’ എന്ന ഹ്രസ്വചിത്രത്തിന് 72-ാം കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. രാജ്യാന്തര വിഭാഗത്തില്‍ മൂന്നാം സ്ഥാനമാണ് ‘വിത്തുകളുടെ അമ്മ’ എന്ന ഹ്രസ്വചിത്രത്തിന് ലഭിച്ചത്.

നാടന്‍ വിത്തുകളും പരമ്പരാഗത കൃഷിരീതികളും സംരക്ഷിക്കുന്ന റാഹിബായ് സോമ പോപരെ എന്ന മഹാരാഷ്ട്രയിലെ വീട്ടമ്മയെക്കുറിച്ചാണ് ചിത്രം പറയുന്നത്. 3മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പുതുവഴി തേടുന്ന സംവിധായകരെ കണ്ടെത്താനുള്ള ‘നെസ്പ്രസോ ടാലന്റ്‌സ്2019’വിഭാഗത്തിലാണ് സമ്മാനം നേടിയത്.

ഭക്ഷണ വൈവിധ്യം മുഖ്യപ്രമേയമാക്കി നടത്തിയ മത്സരത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള 371 പേര്‍ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ന്യൂസീലന്‍ഡില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള സംവിധായകര്‍ക്കാണ്.

അച്യുതാനന്ദ് ദ്വിവേദി മുംബൈ സ്വദേശി ആണ്. അച്യുതാനന്ദ് ദ്വിവേദിയുടെ ആയോധന കലാവിദഗ്ധന്‍ ഫര്‍ഹാന്‍ സിദ്ദിഖിയെപ്പറ്റി ഇദ്ദേഹം തയാറാക്കിയ ‘ആഭ്യന്തര യുദ്ധം’ എന്ന ഹ്രസ്വചിത്രത്തിനും 2016 ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Top