ഞങ്ങളുടെ പള്ളി വെറുതെ വിട്ടുകൊടുക്കില്ല; അയോധ്യ വിധിയെ വെല്ലുവിളിച്ച് ജാമിയത്ത് ഉലമഇ

യോധ്യ വിധിക്കെതിരെ പുനഃപ്പരിശോധന ഹര്‍ജി നല്‍കുമെന്ന് ജാമിയത്ത് ഉലമഇ ഹിന്ദ് വ്യക്തമാക്കിയതിന് പിന്നാലെ ഇതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി. നവംബര്‍ 9ന് പുറപ്പെടുവിച്ച വിധിയില്‍ അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനായി കൈമാറാനും, മുസ്ലീം വിഭാഗങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ 5 ഏക്കര്‍ നല്‍കാനുമാണ് പരമോന്നത കോടതി വിധിച്ചകത്. ബാബറി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുവിശ്വാസ പ്രകാരം രാമന്‍ ജനിച്ച മണ്ണാണെന്നാണ് വിശ്വാസം.

എന്നാല്‍ ഈ വിധി പുനഃപ്പരിശോധിക്കാനാണ് ജാമിയത്ത് ഉലമഇ ഹിന്ദ് ആവശ്യപ്പെടുന്നത്. ‘അയോധ്യ വിധിയിലെ ചില ഭാഗങ്ങള്‍ വളരെ തെറ്റാണ്. പള്ളി പണിയാനായി ക്ഷേത്രം പൊളിച്ചെന്ന് തെളിയിക്കാന്‍ ഹിന്ദുക്കള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന സ്ഥലത്ത് ഒരു പള്ളി തകര്‍ത്തെന്നത് വസ്തുതയാണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ആ മണ്ണില്‍ പള്ളി പണിയാന്‍ അവകാശമുണ്ട്, അവിടെയാണ് രാം ലല്ലയ്ക്ക് പൂര്‍ണ്ണമായി വിട്ടുനല്‍കിയത്’, മദനി വ്യക്തമാക്കി.

തന്റെ സംഘടനയ്ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യക്തമായ അവകാശമുണ്ടെന്നും മദനി പറയുന്നു. ആരെങ്കിലും ഞങ്ങളുടെ പള്ളി പിടിച്ചെടുക്കുന്നത് അനുവദിക്കാമെങ്കിലും അത് വെറുതെ വിട്ടുനല്‍കാന്‍ കഴിയില്ല, മദനി കൂട്ടിച്ചേര്‍ത്തു. അതേസമയം അയോധ്യ കേസില്‍ മുസ്ലീം വിഭാഗത്തെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാനാകില്ല പുതിയ കേസില്‍ പോരാട്ടം നടത്തുകയെന്നും വ്യക്തമായിട്ടുണ്ട്.

ദശകങ്ങള്‍ നീണ്ട തര്‍ക്കമാണ് സുപ്രീംകോടതി വിധിയോടെ തീര്‍പ്പിലെത്തിയത്. എന്നാല്‍ പുനഃപ്പരിശോധന ഹര്‍ജി വരുന്നതോടെ പോരാട്ടം വീണ്ടും നീളുമെന്ന് ഉറപ്പാണ്.

Top