ഭൂരിപക്ഷമുണ്ടെന്ന് കരുതി ‘ഈ കളി’ പറ്റില്ല;പാര്‍ട്ടിയെ ചോദ്യം ചെയ്ത് ചന്ദ്ര കുമാര്‍

പൗരത്വ നിയമത്തില്‍ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് പങ്കുവെച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്ര കുമാര്‍ ബോസ്. സിഎഎ, എന്‍ആര്‍സി വിഷയത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്ന രാഷ്ട്രീയം കളിക്കുന്നതിന് രാജ്യത്ത് സ്ഥാനമില്ലെന്നാണ് ബോസ് അഭിപ്രായപ്പെട്ടത്.

‘നമുക്ക് ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ഭയപ്പെടുത്തുന്ന രാഷ്ട്രീയം കളിക്കാന്‍ പാടില്ല. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ജനങ്ങളോട് വിശദീകരിക്കുകയാണ് നമ്മുടെ ജോലി. ഇതിന്റെ പേരില്‍ അധിക്ഷേപം അരുത്. സിഎഎയുടെ ഗുണങ്ങള്‍ ആളുകളോട് വിശദീകരിക്കുകയാണ് ചെയ്യേണ്ടത്’, സികെ ബോസ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനാല്‍ സംസ്ഥാനങ്ങള്‍ ഇത് പാലിക്കാന്‍ ബാധ്യതയുണ്ടെങ്കിലും ജനാധിപത്യ നിലനില്‍ക്കുന്ന രാജ്യത്ത് പൗരന്‍മാരുടെ മേല്‍ ഒരു നിയമം അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും സികെ ബോസ് കൂട്ടിച്ചേര്‍ത്തു. ‘ചെറിയൊരു മാറ്റം വരുത്തി കാര്യങ്ങള്‍ സംസാരിച്ചാല്‍ പ്രതിപക്ഷത്തിന്റെ പ്രചരണങ്ങള്‍ ഇല്ലാതാകുമെന്ന് ഞാന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമം വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന് മതം രേഖപ്പെടുത്താതെ വ്യക്തമാക്കണം. ആ നിലപാട് വ്യത്യസ്തമാണ്’, ബിജെപി വൈസ് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു.

ബിജെപി ബംഗാള്‍ മേധാവി ദിലീപ് ഘോഷിന്റെ നിലപാടിന് നേര്‍ വിപരീതമാണ് സികെ ബോസിന്റെ പ്രസ്താവന. സിഎഎയെ എതിര്‍ക്കുന്നവര്‍ നട്ടെല്ലില്ലാത്ത പിശാചുകളാണെന്നാണ് ഘോഷ് പ്രഖ്യാപിച്ചത്.

Top