വിവാഹമോചനം അനുവദിക്കുന്നതു വരെ ഭർതൃവീട്ടിൽ താമസിക്കാം ; ബോംബൈ ഹൈക്കോടതി

മുംബൈ: വിവാഹമോചന കേസ് നിലനിൽക്കെ ഭർത്താവിന്റെ സ്വന്തമല്ലെങ്കിലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബൈ ഹൈക്കോടതി.

വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭർതൃവീട്ടിൽ താമസിക്കാം, ആർക്കും പുറത്താക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആദ്യ ഭർത്താവിൽനിന്നു വിവാഹമോചനം നേടാൻ ഭാര്യ തയാറാകുക, അതല്ലെങ്കിൽ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുംബൈ സ്വദേശി കുടുംബ കോടതിയിൽ ഹർജി നൽകിയത്.

മുളുന്‍ഡിൽ തന്റെ പിതാവിന്റെ ഫ്ലാറ്റ് യുവതി കയ്യടക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച കുടുംബ കോടതി, നിലവിലെ സ്ഥിതി തുടരണമെന്നു വിധിച്ചു.

എന്നാൽ 2014 സെപ്റ്റംബറിലെ വിധി 2017 മേയിൽ കുടുംബ കോടതി റദ്ദാക്കി. യുവാവിന്റെ പിതാവിന്റെ പേരിലാണു ഫ്ലാറ്റ് എന്നും യുവാവ് ഇവിടെനിന്നു മാറി നവി മുംബൈയിലാണ് താമസമെന്നും പറഞ്ഞാണ് മുൻ ഉത്തരവ് റദ്ദാക്കിയത്.

യുവതിക്ക് ഈ ഫ്ലാറ്റിൽ താമസിക്കാൻ അർഹതയില്ലെന്നും കുടുംബ കോടതി വിധിച്ചു. ഇതേത്തുടർന്നു യുവതി ഹൈക്കോടതിയെ സമീപിച്ചു.

തന്നെ വീട്ടിൽനിന്നും പുറത്താക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ഭർതൃപിതാവിന്റെ പേരിലുള്ള വസ്തുവാണെങ്കിലും യുവതി കല്യാണശേഷം ഭർതൃവീടായി കണ്ട് താമസിച്ചിരുന്നത് ഈ ഫ്ലാറ്റിലാണെന്നും അവരെ നിയമപ്രകാരം പുറത്താക്കാനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ ഭർത്താവിന്റെ വീട്ടിൽ നിൽക്കാമെങ്കിലും ബന്ധുക്കളുടെ സ്ഥലത്തു താമസിക്കാൻ സാധിക്കില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.

ഇരുപക്ഷത്തെയും വാദങ്ങൾ കേട്ട ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് ശാലിനി ഫൻസാൽക്കർ, ഗാർഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭർതൃഗൃഹത്തിൽ താമസിക്കാൻ അവകാശമുണ്ടെന്നു വ്യക്തമാക്കി.

ഭർത്താവ് വേറെയാണു താമസിക്കുന്നത് എന്നതിനു തെളിവു ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രശ്നം തുടങ്ങുന്നതിനു മുൻപു രണ്ടുപേരും മുളുൻഡിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കേസ് തീരുന്നതുവരെ യുവതിക്ക് ഇവിടെത്തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Top